Thursday, February 11, 2021

About my father Shri Mannil Krishnan by Mannil Vikraman

മണ്ണിൽ കൃഷ്ണനെ അറിയുന്ന ഞാൻ  
 
എന്റെ ബാല്യകാല സ്മരണകളിൽ അവധിക്കെത്തുന്ന കൃഷ്ണേട്ടയാണ് ഇന്നും. പ്രൗഢഗംഭീരമായ നടത്തവും കൃശഗാത്രനാണെങ്കിലും തലയെടുപ്പോടെയുള് കുശലാന്വേഷണങ്ങളും അദ്ദേഹത്തിന്റെ മാറ്റുകൂട്ടിയിരുന്നു. ഭാരത തലസ്ഥാനത്ത്‌ ഭരണയന്ത്രം നിലകൊള്ളുന്ന സെക്രട്ടറിയേറ്റിൽ ഗതാഗത മന്ത്രാലയത്തിലായിരുന്നു ഉദ്യോഗം. അവധിക്കു നാട്ടിലെത്തുന്ന എല്ലാ വർഷവും പുതുമയേറിയ പല ഉപകരണങ്ങളും കൊണ്ടുവന്നു തറവാട്ടിൽ പ്രദർശിപ്പിക്കാറുണ്ട്‌. തറവാട്ടിലെ മറ്റംഗങ്ങളെ അവരുടെ വീടുകൾ സന്ദർശിച്ച് വിശേഷങ്ങൾ അന്വേഷിക്കാറു പതിവാണ്. ഉദ്യോഗത്തിനായി നാടുവിട്ടശേഷം അദ്ദേഹത്തെ ഞാൻ കാണുന്നത് ന്യൂഡൽഹിയിൽ വെച്ചായിരുന്നു. അവിടെ അദ്ദേഹത്തിന്റെ അനൗദ്യോഗിക കർമമണ്ഡലം എന്നെ വിസ്‌മ യിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഡൽഹി ആർ.കെ.പുരത്തെ അയ്യപ്പ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ മുനീർക്കയിൽ അയ്യപ്പ വിഗ്രഹം പ്രതിഷ്ഠ നടന്നത് മുതൽ ഇന്ന് കാണുന്ന ക്ഷേത്രത്തിന്റെ വളർച്ചക്ക് കാരണഭൂതരായവരിൽ മണ്ണിൽ കൃഷ്ണന്റെ പങ്കു വളരെ വലുതാണ്.

മുനീർക്കയിൽ നിന്ന് ആർ.കെ.പുരം സെക്ടർ II ലേക്ക് അയ്യപ്പ ക്ഷേത്രം മാറ്റാനുള്ള പ്രത്യേക കാരണം ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച എമെർജൻസിയും തുടർന്ന് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കലും ആയിരുന്നു. അന്ന് ശ്രീകോവിൽ മാത്രം നിലനിർത്തി ക്ഷേത്ര മതിൽക്കെട്ടുകൾ തകർത്തിരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ ഘട്ടത്തിൽ മണ്ണിൽ കൃഷ്ണൻ കൂടി അടങ്ങുന്ന സംഘം മന്ത്രിയെ സന്ദർശിച്ചു ഇന്ന് ക്ഷേത്രം നിലനിൽക്കുന്ന സ്ഥലം അനുവദിച്ചു മേടിക്കുകയായിരുന്നു. യേശുദാസിന്റെ ഗാനമേളകൾ നടത്തിയും സമൂഹത്തിലെ ഉന്നതരായ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൊണ്ടുമാണ് ഇന്ന് കാണുന്ന അയ്യപ്പ ക്ഷേത്രം സാക്ഷാത്കരിക്കപ്പെട്ടതു. മണ്ണിൽ കൃഷ്ണൻ എന്ന വ്യക്തിയുടെ ത്യാഗത്തിന്റെ ഒരു ചെറിയ ഉദാഹരണം ഇവിടെ കുറിക്കട്ടെ. യേശുദാസിന്റെ ഗാനമേളക്കായി തയ്യാറാക്കിയ നോട്ടീസ് INA market ലെ printing pressil നിന്ന്തലച്ചുമടായി കിദ്വായ് നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിച്ചത് ഞാനും അദ്ദേഹവും ചേർന്നാണ്. നോട്ടീസ് വിതരണവും മഹാരാഷ്ട്ര രംഗായൻ എന്ന ഗാനമേള ഹാളിന്റെ വാതിൽക്കൽ ടിക്കറ്റ് കീറാനും ഞങ്ങൾ ഉണ്ടായിരുന്നു. അയ്യപ്പൻ പാട്ടിനുള്ള ഉടുക്കും കണ്യാർകളിക്കുള്ള ഡ്രസ്സ്, ഇലത്താളം എന്നിവ നാട്ടിൽ വന്നു വാങ്ങിച്ചു ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഡൽഹിയിലെ തെരുവീഥിയിലൂടെ ആനകളെ എഴുന്നള്ളിച്ചു പഞ്ചവാദ്യസമേതം ഉത്സവംനടത്തിയത് മണ്ണിൽ കൃഷ്ണന്റെയും കൂടി പരിശ്രമഫലമായാണ്. അയ്യപ്പൻ പാട്ടു പാടുന്നതിൽ ഇന്നും ഈ എൺപതു കഴിഞ്ഞ വ്യക്തി വിട്ടുവീഴ്ച കാണിക്കാറില്ല.അയ്യപ് ക്ഷേത്രത്തിലെ വൈസ് പ്രസിഡണ്ടായും ,സെക്രട്ടറിയായും പ്രവർത്തിച്ച മണ്ണിൽ കൃഷ്ണൻ കണ്ണ്യാർ കളിയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ദൂരദർശനിൽ കണ്ണ്യാർ കളി അവതരിപ്പിക്കാൻ അദ്ദേഹത്തിന്റെ ശ്രമവും നേതൃത്വവും ഞാൻ അടക്കമുള്ളവർക്കും ആ കലക്കും ഒരു പ്രോത്സാഹനമായിരുന്നു. സ്വന്തം ജന്മ നാടിനെയും അദ്ദേഹം സ്നേഹിച്ചിരുന്നു. പലരെയും നാട്ടിൽ നിന്ന് ഡൽഹിയിൽ എത്തിച്ചു വരുമാന മാർഗ്ഗം തേടി കൊടുത്തിട്ടുണ്ട്. അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഡൽഹി അയ്യപ്പക്ഷേത്രത്തിലെ ഗുരുസ്വാമിയായിരുന്ന അന്തരിച്ച ആന്തൂരെ വീട്ടിൽ രാജഗോപാലൻ എന്ന ഗോപാലേട്ട.

 നാട്ടിലെ കണ്യാർ കളിക്കുള്ള ഉടയാടകൾക്കു വേണ്ടി ഡൽഹിയിലെ സുഹൃത്തുക്കളിൽനിന്നു ഫണ്ട് ശേഖരിച്ചു നൽകാറുണ്ട്. ഡൽഹി അയ്യപ്പ ക്ഷേത്രത്തിന്റെ സ്ഥാപക നേതൃത്വത്തിൽ ജീവിച്ചിരിക്കുന്ന തല മുതിർന്ന വ്യക്തിയാണ് മണ്ണിൽ കൃഷ്ണൻ. ആരവങ്ങളില്ലാതെ നിശ്ശബ്ദനായി സ്വന്തം ആരോഗ്യപ്രശ്നങ്ങളെപ്പോലും അവഗണിച്ചുകൊണ്ട് ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ അയ്യപ്പ ഭക്തന് ഡൽഹിയിലെ മലയാളി പൗരാവലിയുടെ അർഹമായ അംഗീകാരം ലഭിച്ചുവോ എന്ന് ഞാൻ സംശയിക്കുന്നതിനോടൊപ്പം ഇപ്പോഴത്തെ ക്ഷേത്ര ഭാരവാഹികളെ ഓർമ്മപെടുത്താനും ഞാൻ ഈ സന്ദർഭം പ്രയോജനപ്പെടുത്തുന്നു. പാലക്കാട് നെന്മാറക്കടുത്തുള്ള തിരുവഴിയാട് എന്ന കൊച്ചു ഗ്രാമത്തിൽ മണ്ണിൽ തറവാട്ടിലാണ് ജനനം. സുന്ദരി എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന്റെ ഭാര്യ വടക്കഞ്ചേരി കള്ളിക്കൽ തറവാട്ടിലേതാണ്. യാദൃശ്ചികമായി എന്റെ അച്ഛന്റെ തറവാടും അതുതന്നെ. രണ്ടു മക്കൾ ജയപ്രകാശ് കള്ളിക്കൽ , ജയശ്രീ. മകളായ ജയശ്രീയും കൊച്ചുമകളുമൊന്നിച്ചു ഗുഡ്ഗാവിൽ ഭാര്യാസമേതം വിശ്രമജീവിതം നയിക്കുന്നു. 

മണ്ണിൽ കൃഷ്ണൻ എന്ന ഞങ്ങളുടെ കൃഷ്ണേട്ടക്കും, അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങളിൽ എന്നും തുണയായി നിൽക്കുന്ന ധർമ്മ പത്നിക്കും ആയുരാരോഗ്യങ്ങൾ നൽകി അയ്യപ്പ സ്വാമി അനുഗ്രഹിക്കാൻ പ്രാർത്ഥിച്ചുകൊണ്ട്,

 മണ്ണിൽ വിക്രമൻ

No comments:

Post a Comment

Festival of letters

 #sahityaakademi Festival of Letters Festival is a celebration that is inclusive and brings about a sense of joy in participation, sharing...